ഉയിർപ്പിന്റെ പ്രത്യാശ ജീവിതസാക്ഷ്യത്തിലൂടെ

”അവൻ മരിച്ചു പക്ഷേ അവൻ മരണത്തെ പരാജയപ്പെടുത്തി. താൻ ഭയപ്പെട്ടതിനെ അവൻ തന്നിൽ തന്നെ ഇല്ലായ്മ ചെയ്തു… ശക്തനായ ഒരു വേട്ടക്കാരനെപ്പോലെ അവൻ അതിനെ കീഴ്പ്പെടുത്തി…” ‘മരണത്തെയും തിന്മയെയും കീഴടക്കി വിജയം വരിച്ച മിശിഹായെക്കുറിച്ച് സഭാ പിതാവായ ആഗസ്തീനോസ് രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളാണിവ. തിന്മയെ പരാജയപ്പെടുത്തി മിശിഹാ വിജയം വരിക്കുന്ന മഹാദിനമായ ഈസ്റ്റർ തന്നെയാണ് തിരുസ്സഭയിലെ ഏറ്റവും വലിയ തിരുനാൾ. കർത്താവീശോമിശിഹാ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ഉയിർത്തുകൊണ്ടു നശ്വരമായ മനുഷ്യപ്രകൃതിയ്ക്കു രക്ഷയുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് ഇത്. വിമോചനത്തിന്റെയും രക്ഷയുടെയും രഹസ്യങ്ങൾ ഈശോമിശിഹായുടെ മരണത്തിലും ഉയിർപ്പിലും സാധ്യമാകുന്നതെന്ന് വി. ഗ്രന്ഥം വ്യക്തമാക്കുന്നത് ധ്യാനിക്കുവാൻ ഈ തിരുനാൾ നമ്മെ ക്ഷണിക്കുന്നുണ്ട്.
1. ഈസ്റ്റർ വിമോചനത്തിന്റെ തിരുനാൾ
ഉത്പത്തി പുസ്തകത്തിൽ, ആദിമാതാപിതാക്കൾ ദൈവത്തിന്റെ കല്പന ലംഘിച്ച് പാപം ചെയ്തപ്പോൾ രൂപപ്പെട്ട ക്രമരാഹിത്യത്തെയും വീഴ്ചയെയും പരിഹരിച്ച് ദൈവ
പുത്രനും പൂർണ്ണ മനുഷ്യനുമായ ഈശോ മനുഷ്യകുലത്തിനുവേണ്ടി നേടിയ വിജയത്തിന്റെ അനുസ്മരണവും ആഘോഷവുമാണ് ഉയിർപ്പു തിരുനാൾ. ദൈവം മനുഷ്യനെ സൃഷ്ടിച്ച് സർവജീവജാലങ്ങളുടെയുംമേൽ ആധിപത്യം നൽകി പറുദീസായിൽ ആക്കിയപ്പോൾ ദൈവം, മനുഷ്യൻ, സൃഷ്ടപ്രപഞ്ചം
എന്ന ക്രമമായിരുന്നു രൂപപ്പെട്ടത്. എന്നാൽ, ദൈവത്തിന്റെ വാക്കുകൾക്ക് പകരം സർപ്പത്തിന്റെ വാക്കുകൾക്കു ചെവികൊടുത്ത മനുഷ്യൻ തനിക്ക് ദൈവം നൽകിയ ക്രമം തെറ്റിച്ചു. സൃഷ്ടവസ്തുക്കൾ, മനുഷ്യൻ, ദൈവം എന്നിങ്ങനെ ക്രമം അവൻ മാറ്റി. മനുഷ്യന്റെ അനുസരണക്കേടിനാൽ പാപവും മരണവും ലോകത്തിൽ പ്രവേശിച്ചുവെന്ന് വി. ഗ്രന്ഥം സാക്ഷിക്കുന്നു (റോമ 5,12). രണ്ടാം
ആദമായ മിശിഹാ ഗത്‌സെമെനിലെ പ്രലോഭനവേളയിൽ ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും തന്റെ അനുസരണം വഴി കുരിശു മരണത്തിൽ തിന്മയെ ജയിക്കുകയും ചെയ്തതുവഴി ആദിമ ക്രമം പുനഃസ്ഥാപിച്ചു.
ഈശോയുടെ കുരിശിലെ മരണം അവന്റെ അനുസരണത്തിന്റെ ആഘോഷമായിരുന്നു. അതിനാൽ അവന്റെ ഉയിർപ്പ് മഹത്വത്തിന്റെ ആഘോഷവുമായി (ഫിലി 2, 7-8). അങ്ങനെ, നിയമത്തിന്റെയും (റോമ 7,10) പാപത്തിന്റെയും (റോമ 7,18-20) മരണത്തിന്റെയും (റോമ 6,21-22) അടിമത്തത്തിലായ മനുഷ്യനെ രക്ഷിക്കാൻ നിർണ്ണയിക്കപ്പെട്ട സമയത്ത് മിശിഹാ (റോമ 5, 6-8) മരിച്ചു എന്നു മാത്രമല്ല, തന്റെ ഉയിർപ്പിനാൽ അവനെ സ്വതന്ത്രമാക്കിയതിനാൽ ഈസ്റ്റർ വിമോചനത്തിന്റെ തിരുനാളായി മാറി.
അതുകൊണ്ടാണ് സഭാ പിതാവായ വി. ജോൺ ക്രിസോസ്‌തോം ഇപ്രകാരം പറയുന്നത്: ”ഓ മരണമേ, നിന്റെ മുള്ള് എവിടെ? ഓ നരകമേ, നിന്റെ വിജയം എവിടെ? മിശിഹാ ഉത്ഥിതനായിരിക്കുന്നു, നീ തകിടം മറിക്കപ്പെട്ടിരിക്കുന്നു. മിശിഹാ ഉത്ഥിതനായിരിക്കുന്നു, പിശാചുക്കൾ നിലംപതിച്ചിരിക്കുന്നു. മിശിഹാ ഉത്ഥിതനായിരിക്കുന്നു, മാലാഖമാർ ആനന്ദിക്കുന്നു.
മിശിഹാ ഉത്ഥിതനായിരിക്കുന്നു, ജീവൻ വീണ്ടുകിട്ടിയിരിക്കുന്നു. മിശിഹാ ഉത്ഥിതനായിരിക്കുന്നു, പാതാളത്തിൽ ഒരുവനും അവശേഷിക്കുന്നില്ല.എന്തെന്നാൽ, മൃതരിൽനിന്ന് ഉത്ഥാനം ചെയ്തതുവഴി മിശിഹാ (മരണ) നിദ്രയിൽപെട്ടുപോയവരുടെ ഇടയിൽനിന്നുള്ള ആദ്യഫലമായിത്തീർന്നിരിക്കുന്നു.”
മിശിഹായുടെ ഈ വിജയത്തെക്കുറിച്ചാണ് കത്തോലിക്കാസഭയുടെ മതബോധന
ഗ്രന്ഥം 654 ൽ പറയുന്നത്: ‘അവിടുന്ന് തന്റെ മരണംവഴി നമ്മെ പാപത്തിൽ നിന്ന് വിമോചിപ്പിക്കുന്നു. തന്റെ പുനരുത്ഥാനം വഴി പുതിയൊരു ജീവിതത്തിലേയ്ക്കുള്ള മാർഗ്ഗം നമുക്കായി തുറന്നു തരുന്നു.’ ഇക്കാരണത്താൽ, മിശിഹായുടെ ഉയിർപ്പു നമ്മുടെ വിമോചനത്തിന്റെയും വിജയത്തിന്റെയും മൂലകാരണമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈസ്റ്റർ തിരുനാൾ.
2. ഈസ്റ്റർ പ്രത്യാശയുടെയും രക്ഷയുടെയും തിരുനാൾ
ഈശോയുടെ മരണനേരത്തുള്ള പ്രകൃതിയുടെ നാടകീയമായ പരിണാമം ലോകത്തിനു സംഭവിച്ച നിരാശയെ ആലങ്കാരികമായി ദ്യോതിപ്പിക്കുന്നുണ്ട്. അവിടുത്തെ മരണനേരത്ത് സൂര്യൻ ഇരുണ്ടു, ഭൂമി കുലുങ്ങി, ശവകൂടീരങ്ങൾ തുറക്കപ്പെട്ടു. പ്രസ്തുത വിവരണത്തിന് ബനഡിക്ട് 16-ാമൻ മാർപ്പാപ്പ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്. അവന്റെ മരണനേരത്ത് അന്ധകാരം ഭൂതലത്തെ വിഴുങ്ങി, ദൈവത്തിന്റെ നിശബ്ദത പൂർണ്ണമായി, പ്രത്യാശയെന്നത് ശൂന്യമായ പദമായി മാറി (2012 ലെ ഈസ്റ്റർ സന്ദേശം). ശിഷ്യന്മാർ ധൈര്യം നഷ്ടപ്പെട്ടവരും സംഭീതരുമായി (ലൂക്ക 22, 31-32) തീർന്നതിന്റെ കാരണം അവരുടെ പ്രതീക്ഷയറ്റു പോയതിനാലാണല്ലോ. എന്നാൽ ഭൂമിയെ വിഴുങ്ങിയ അന്ധകാരം മാറി. മിശിഹാ ഉയിർത്തു. ഈസ്റ്റർ ദിനത്തിന്റെ ഉദയം പ്രപഞ്ചത്തിനുള്ള രക്ഷയുടെ ഉദയം കൂടിയായതിനാൽ വലിയ ശനിയിലെ കാത്തിരിപ്പും ഒരുക്കവും രക്ഷയെക്കുറിച്ചുള്ള പ്രത്യാശയെയും സൂചിപ്പിക്കുന്നു.
എന്നാൽ ഈശോയുടെ ഉത്ഥാനത്തിന് ദൃക്‌സാക്ഷികളായ ആരുമില്ലായിരുന്നുവെന്നതാണ് സത്യം. അവന്റെ ഉയിർപ്പ് സത്യമാണ് എന്ന് തെളിവു നൽകുന്ന ഉയിർപ്പിനുള്ള സാക്ഷ്യങ്ങളാണ് നമുക്കുള്ളത്. കാരണം, ‘ഒരുവനും ഉത്ഥാന സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നില്ല, ഒരു സുവിശേഷകനും അത് വിവരിക്കുന്നില്ല. ശാരീരികമായി അത് എങ്ങനെ സംഭവിച്ചുവെന്ന് ആർക്കും പറയുവാൻ സാധിക്കുകയില്ല. അതിന്റെ ഏറ്റവും ആന്തരികമായ സാരാംശം – മറ്റൊരു ജീവിതത്തിലേയ്ക്കുള്ള കടന്നുപോകൽ – ഇന്ദ്രിയങ്ങൾക്ക് അത്രപോലും ഗോചരമായിരുന്നില്ല’ (CCC. 647). ശൂന്യമായ കല്ലറയും മാലാഖമാരുടെ സാക്ഷ്യവും ഉത്ഥിതന്റെ പ്രത്യക്ഷീകരണങ്ങളുമാണ് ശിഷ്യരെ ഉത്ഥാനത്തിന്റെ മഹാരഹസ്യങ്ങളിലേയ്ക്ക് നയിച്ചത്. മിശിഹായുടെ സഹനവും മരണവും അല്പനേര
ത്തേയ്ക്ക് ലോകത്തെ അന്ധകാരത്തിലാഴ്ത്തിയെങ്കിലും തിന്മയുടെ വിജയം നൈമിഷികമായിരുന്നു. മിശിഹായോടു ചേർന്നുള്ള ഓരോ ശിഷ്യന്റെയുംസഹനവും പരാജയവും അതിൽ അവസാനിക്കുന്നില്ല, മറിച്ച് അവ രക്ഷാകരമാകുമെന്ന് ഉറപ്പു നൽകുന്ന ഈസ്റ്റർ സംഭവം പ്രത്യാശയുടെയും രക്ഷയുടെയും തിരുനാൾ തന്നെ.
3. ഉത്ഥാനത്തിന്റെ സാക്ഷികളാകാനുള്ള വിളി
ഈശോമിശിഹായുടെ ഉത്ഥാനത്തിന്റെ ആദ്യ സാക്ഷിയായി വി. യോഹന്നാൻ അവതരിപ്പിക്കുന്നത് മഗ്ദലന മറിയത്തെയാണ്. ശൂന്യമായ കല്ലറ കണ്ട മറിയം ശിഷ്യരെ വിവരം അറിയിച്ചു. അവരും ശൂന്യമായ കല്ലറ കാണുകയും അവൻ ഉത്ഥിതനായി എന്നു വിശ്വസിച്ചു തിരികെ പോരുകയും ചെയ്തു (20,1-10). എന്നാൽ, മഗ്ദലന മറിയമാകട്ടെ കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. തന്റെ സങ്കടത്തിന്റെയും കാത്തിരിപ്പിന്റെയും അവസാനം മിശിഹായെ അവൾ കണ്ടു (20, 11-17). മഹാനായ വി. ഗ്രിഗറി സൂചിപ്പിക്കുന്നു: ‘തന്റെ സ്‌നേഹാഗ്നിയാലെരിഞ്ഞ്
ക്രിസ്തുവിനെ കാത്തുനിന്ന അവൾക്കു മാത്രമാണ് മിശിഹായെ കാണാൻ കഴിഞ്ഞത്.
സ്ഥിരതയാണ് ഇതിനടിസ്ഥാനം. സത്യത്തിന്റെ ശബ്ദം അരുൾചെയ്യുന്നത് അവസാനം വരെ നിലനിൽക്കുന്നവൻ രക്ഷിക്കപ്പെടുമെന്നാണല്ലോ.’ ഈശോമിശിഹാ ഉയിർത്തെഴുന്നേറ്റു എന്ന് അവന്റെ ശിഷ്യരോടു പറയുവിൻ എന്ന മാലാഖാമാരുടെ സന്ദേശം (മത്താ 28,7) ആഴ്ചയുടെ ആദ്യദിനം കല്ലറയിലെത്തിയ മഗ്ദലന മറിയത്തെയും ഭക്ത സ്ത്രീകളെയും ഉത്ഥാനത്തിന്റെ സാക്ഷികളാക്കി. തുടർന്ന് ശ്ലീഹന്മാർക്കും പ്രത്യക്ഷനായ ഈശോ അവരെയും ഉത്ഥിതന്റെ സാക്ഷികളെന്ന നിലയിൽ സഭയുടെ അടിസ്ഥാന ശിലകളാക്കി. മിശിഹായിലായിരിക്കുന്ന ഓരോ വ്യക്തിയും ഉത്ഥാനത്തിന്റെ സാക്ഷികളാണ്. ലോകത്തിൽ മിശിഹായുടെ ഉയിർപ്പിന്റെ സാക്ഷികളാകാനുള്ള വിളിയാണ് ഒരോ ക്രൈസ്തവനുമുള്ളത്. ക്രൈസ്തവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനവും (1 കോറി 15,14) വരാനിരിക്കുന്ന ജീവിതത്തിന്റെ അച്ചാരവുമായ (1 കോറി 15, 20-22) മിശിഹായുടെ ഉയിർപ്പിന്റെ സാക്ഷികളാകാൻ ഈ മഹാരഹസ്യം നമ്മെ ആഹ്വാനം ചെയ്യുന്നു.
ചുരുക്കത്തിൽ
ക്രൈസ്തവ ജീവിതത്തിന്റെ ആണിക്കല്ലായ മിശിഹായുടെ ഉയിർപ്പുതിരുനാൾ
ലോകം മുഴുവനുമുളള രക്ഷയുടെ സദ്വാർത്തയാണ്. ആദിമനുഷരിലേക്ക് തന്റെ ജീവവായു ഊതി സൃഷ്ടി കർമ്മം നടത്തിയ ദൈവം മിശിഹായുടെ ഉയിർപ്പിലൂടെ പുതിയ സൃഷ്ടി കർമ്മം നടത്തുകയാണ്. മനുഷ്യന്റെ അനുസരണക്കേടി
നാൽ രൂപപ്പെട്ട ബന്ധനങ്ങളെ മനുഷ്യപുത്രന്റെ മരണോത്ഥാനത്തിലൂടെ വിജയം വരിച്ച മഹാസംഭവമായതിനാൽ ഈസ്റ്റർ തിരുനാൾ വിമോചനത്തിന്റെയും പ്രത്യാശയുടെയും രക്ഷയുടെയും തിരുനാളാണ്. ഉത്ഥാനത്തിന്റെ സാക്ഷികളായി ലോകത്തിന് പ്രത്യാശ പകരാൻ ഈ തിരുനാൾ ഓരോ ക്രൈസ്തവനെയും ബലപ്പെടുത്തട്ടെയെന്ന് പ്രാർത്ഥിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here