നവതിയുടെ നിറവിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിനു ഹൃദയം നിറഞ്ഞ ആദരം

0
444

ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് മെത്രാപ്പോ ലീത്തൻ പാരിഷ്ഹാളിൽ സംഘടിപ്പിച്ച നവതി സമ്മേളനം സഭയ്ക്കും സമുദായ ത്തിനും സമൂഹത്തിനും മാർ പവ്വത്തിൽ നൽകിയ സേവനത്തിനും സംഭാവന കൾക്കുമുള്ള കൃതജ്ഞതാ സമർപ്പണമായി. വിവിധ സഭാമേലധ്യക്ഷന്മാർ, വൈദികർ, സന്ന്യാസിനികൾ, അല്മായ പ്രതിനിധികൾ, മതസാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പവ്വത്തിൽ പിതാവിന്റെ കുടുംബാംഗങ്ങൾ, വിവിധ ഇടവകാംഗങ്ങൾ തുടങ്ങി നൂറുകണക്കിനു ജനസമൂഹം സമ്മേളനത്തിൽ ആശംസകളുമായി എത്തി.
സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതസഭയ്ക്കു ദൈവം നൽകിയ അമൂല്യ സമ്പത്താണ് മാർ ജോസഫ് പവ്വത്തിലെന്ന് മേജർ ആർച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. സീറോമലബാർ സഭയുടെ നിയതമായ ആരാധനക്രമം ഇന്നത്തെ രീതിയിൽ രൂപപ്പെടുത്താൻ നിഷ്ഠയോടും ജാഗ്രതയോടും മാർ പവ്വത്തിൽ നടത്തിയ പരിശ്രമങ്ങൾ സ്മരണീയമാണ്. പ്രേഷിത ചൈതന്യത്തിൽ ചങ്ങനാശേരി അതിരൂപതയെ മുമ്പിലെത്തിക്കാൻ മഹത്തരമായ സംഭാവന നൽകിയ മാർ പവ്വത്തിൽ കേരളത്തിലെ സഭൈക്യ കൂട്ടായ്മകളുടെ ശക്തിസ്രോതസുകൂടിയാണെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.
സദാ ജാഗ്രതയുള്ള ജീവിതം നയിക്കുന്നമാർ ജോസഫ് പവ്വത്തിൽ സകലരെയും ജാഗ്രതയിലേക്കു നയിക്കുന്ന സഭയുടെ കാവൽക്കാരനാണെന്നും അദ്ദേഹത്തിന്റെ ലാളിത്യം അത്ഭുതകരമായ മാതൃകയാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര സുറിയാനി കത്തോലിക്കസഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവ ഉദ്‌ബോധിപ്പിച്ചു.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സഭയെക്കുറിച്ച് ശരിയായ ഉൾക്കാഴ്ചയും സമൂഹത്തെക്കുറിച്ച് ആഴമായ ദർശനവുമുള്ള ശ്രേഷ്ഠാചാര്യനാണ് മാർ പവ്വത്തിലെന്ന് ആർച്ചുബിഷപ്പ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ മംഗളപത്രം മാർ പെരുന്തോട്ടവും വികാരി ജനറാൾമാരും കൂരിയാ അംഗങ്ങളും ചേർന്നു മാർ പവ്വത്തിലിനു സമർപ്പിച്ചു.
മാർത്തോമാസഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാർ മാത്യു അറയ്ക്കൽ, ഓസ്ട്രിയയിലെ ഐസൻസ്റ്റാറ്റ് ബിഷപ് അജിഡിയു സ്വിഫ്‌കോവിച്ച്, അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.എഫ്.തോമസ് എംഎൽഎ, സിആർഐ സെക്രട്ടറി സിസ്റ്റർ ഡോ.മേഴ്‌സി നെടുംപുറം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അഡ്വ. ജോജി ചിറയിൽ, ഡോ. രേഖ ജിജി എന്നിവർ പ്രസംഗിച്ചു.
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ നവതി ആശംസ സന്ദേശം വികാരി ജനറാൾ മോൺ. തോമസ് പാടിയത്ത് വായിച്ചു. നവതി സ്മാരകമായി കളർ എ ഹോം പദ്ധതി
പ്രകാരം നിർധനർക്ക് 90 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ രേഖകൾ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മാർ ജോസഫ് പവ്വത്തിലിനു കൈമാറി. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ഫിലിഫ്‌സ് വടക്കേക്കളം, ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ എന്നി
വരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിക്കു നേതൃത്വം നൽകി.