യൂലിയാനാ സാബാ (+376 AD)

യൂലിയാനാ സാബാ! സുറിയാനിസഭയിലെ ഏകാന്തവാസികൾക്കിടയിലെ പൊൻതാരകം! സുറിയാനി താപസികചരിത്രത്തിൽ സുവർണലിപികളാൽ എഴുതിചേർത്തിരിക്കുന്ന അനന്യനാമം! സന്ന്യാസികൾക്ക് പുറമെ വിശ്വാസിസമൂഹംമുഴുവൻ താപസികജീവിതശൈലി തുടർന്നുപോന്നിരുന്ന സുറിയാനിനാട്ടിലെ സാമാന്യജനം യൂലിയാനായെ ആദരപൂർവ്വം വിളിച്ചിരുന്ന പേരാണ് ‘സാബാ’ – വൃദ്ധനെന്നർത്ഥം – നമ്മുടെ ഭാഷയിലെ മൂപ്പൻ എന്നതിനു തുല്ല്യമായ പ്രയോഗം. പ്രായത്തെക്കാളുപരി അനുഭവസമ്പത്തുകൊണ്ട് യൂലിയാനാ ആ നാട്ടുകാർക്ക് മൂപ്പനായിരുന്നു. സാമാന്യകാര്യങ്ങളെക്കുറിച്ചുള്ള അറിവുനേടാൻ, ഉപദേശം ചോദിക്കാൻ, രോഗസൗഖ്യം പ്രാപിക്കുവാൻ, അനുഗ്രഹം തേടാൻ ജനം ഓടിയണഞ്ഞിരുന്നത് ഈ മൂപ്പന്റെ അടുത്തായിരുന്നു.
മാർ അപ്രേമിന്റെ സമകാലികനായിരുന്ന യൂലിയാനാ ‘സുറിയാനി സന്ന്യാസികളുടെ പിതാവ്’ എന്നാണറിയപ്പെട്ടിരുന്നത്. ഈജിപ്റ്റിലെ മഹാനായ അന്തോനീസിനെപോലെ സുറിയാനിനാട്ടിലെ ആദ്യത്തെ ഏകാന്തവാസിയായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്.
എദ്ദേസായുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒഷറേനെ എന്ന സ്ഥലത്ത്, സ്വയം കണ്ടെത്തിയ ഒരു ഗുഹക്കുള്ളിൽ അദ്ദേഹം നീണ്ട അമ്പതു വർഷങ്ങൾ പ്രാർത്ഥനയിൽ മുഴുകി കഴിഞ്ഞു. സ്വർണവും വെള്ളിയുംകൊണ്ട് മനോഹര മാക്കപ്പെട്ട രാജകൊട്ടാരങ്ങളെക്കാൾ വിലപിടിപ്പുള്ളതാണ് തന്റെ ഗുഹയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്; അതും ബാർലിയുടെ തവിടും ഉപ്പും ചേർത്തുണ്ടാക്കിയ അപ്പവും അരുവിയിലെ ശുദ്ധജലവും മാത്രം. എല്ലും തോലും മാത്രമായിരുന്ന അദ്ദേഹം പക്ഷേ ദൈവസ്‌നേഹത്താൽ നിറഞ്ഞ് സദാ ഊർജ്ജ്വസ്വലനായിരുന്നു. സങ്കീർത്തനങ്ങളുടെ തുടർച്ചയായ ആലാപനവും ദൈവവമായുള്ള നിരന്തര സമ്പർക്കവുമായിരുന്നു സുഖജീവിതവും വിഭവസമൃദ്ധമായ വിരുന്നുമായി അദ്ദേഹം ആസ്വദിച്ചിരുന്നത്. നൂറ്റിയൻപതു സങ്കീർത്തനങ്ങളിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് അവയോട് ആർത്തിയായിരുന്നു. അവ അയവിറക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. വിവരിക്കുവാൻ സാധിക്കാത്ത ദൈവികസൗന്ദര്യത്തെ ഒരു കണ്ണാടിയിലെന്നവണ്ണം അദ്ദേഹം ഉറ്റുനോക്കിയിരുന്നു. ദൈവത്തെക്കുറിച്ചുള്ള അഗ്നിസമാനമായ തീക്ഷണതയാൽ ലഹരിപിടിച്ച് ലൗകികമായ യാതൊന്നിനെയും സ്വപ്നത്തിൽപോലും ദർശിക്കാതെ രാവും പകലും അവിടുത്തെപ്പറ്റിമാത്രം ചിന്തിച്ചുപോന്ന അദ്ദേഹത്തിന്റെ ഗുഹ ധാരാളംപേരെ
ആകർഷിച്ചിരുന്നു. അനേകംപേർ അദ്ദേഹത്തിന്റെ ശിഷ്യരായി. ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെങ്കിലും അദ്ദേഹത്തെ കാണാനും വചനം കേൾക്കാനുമായി ആയിരങ്ങൾ ഒരുമിച്ചുകൂടിയിരുന്നു. രാജാക്കന്മാരേക്കാൾ കീർത്തി അദ്ദേഹം നേടി. അദ്ദേഹം അവർക്ക് പുതിയ മൂശെയായിരുന്നു.
ആരിയൂസിന്റെ പാഷണ്ഡതയാൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം സഭയിൽ പെരുകിയപ്പോൾ ഏകാന്തവാസമുപേക്ഷിച്ച് വിശ്വാസികളെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കാനായി അദ്ദേഹമെത്തി. തന്റെ ആഗമനമാകുന്ന മഞ്ഞുതുള്ളികൊണ്ട് സഭയിൽ പടർന്ന പാഷണ്ഡതയുടെ അഗ്നി ശമിപ്പിക്കുവാൻ അദ്ദേഹത്തിനായി. മാർ യൂലിയാനായിൽ നിന്നൊഴുകിയ ദൈവികശക്തി അനേകർക്ക് സാന്ത്വനവും സൗഖ്യവും പകർന്നു. ഈ മൂപ്പൻ തങ്ങളുടെ നാടിന്റെ അനുഗ്രഹമാണെന്ന് എദ്ദേസാവാസികൾ തിരിച്ചറിഞ്ഞു. AD 376 – ൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം എദ്ദേസായെ വിട്ടുപിരിഞ്ഞില്ല.
അദ്ദേഹത്തിന്റെ കബറിടത്തിൽനിന്നും അദ്ദേഹത്തിന്റെ അസ്ഥികൾ ക്കുള്ളിൽനിന്നും ഒഴുകിയ ദൈവികകൃപ അനേകർക്ക് സൗഖ്യം പകർന്നു.
മാർ അപ്രേം രചിച്ചുവെന്ന് കരുതപ്പെടുന്ന ഒരു ഗീതത്തിൽ യൂലിയാനായെ പുകഴ്ത്തി ഇപ്രകാരം പാടുന്നു:
”പരിമള വാഹിയായ സാബായേ…അങ്ങയിൽ നിന്നുയരുന്ന പരിമളമിതാ നാനാദിക്കുകളിലേക്കും പടരുന്നു. ഈ സുഗന്ധക്കൂട്ട് തന്നിലേക്ക് ആവാഹിക്കുവാൻ സിദ്ധിച്ച കൃപക്ക് നമ്മുടെ നാട് (എദ്ദേസാ) എത്ര നന്ദി പറഞ്ഞാലും മതിയാകുമോ? എദ്ദേസായിൽ നിന്ന് പരക്കുന്ന പരിമളം അനേകരെ അവിടേക്ക് ആകർഷിക്കുന്നു. മാർ സാബായേ … അങ്ങയുടെ കബറിടം ഒരു തുറമുഖമായി എദ്ദേസായിൽ നിലകൊണ്ടുകൊണ്ട് തങ്ങളുടെ നിക്ഷേപങ്ങളുമായി തുറമുഖത്തണയാൻ അനേകർക്ക് ആവേശം പകരുന്നു”.

LEAVE A REPLY

Please enter your comment!
Please enter your name here