മാർ തോമാശ്ലീഹാ

മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി അവതരിച്ച ദൈവപുത്രനായ മിശിഹായ്ക്ക് 70 ശിഷ്യന്മാരുണ്ടായിരുന്നു. അവരിൽ അവിടുത്തോടൊപ്പം ജീവിക്കുകയും ദൈവരാജ്യം പ്രഘോഷിക്കുകയും ചെയ്ത 12 പേർ അപ്പസ്‌തോലന്മാർ അഥവാ ശ്ലീഹന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ പേരുകൾ സുവിശേഷങ്ങളിലുണ്ട്.
പത്രോസ് അവരിൽ ഒന്നാമനാണ്. സമാന്തരസുവിശേഷങ്ങളിൽ ശ്ലീഹന്മാരുടെ ലിസ്റ്റിൽ ഏഴാമനോ എട്ടാമനോ ആണ് വിശുദ്ധ തോമസ് അപ്പസ്‌തോലൻ അഥവാ മാർ തോമ്മാ ശ്ലീഹാ. ദിദിമൂസ് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.

കർത്താവിന്റെ വിളി
തോമ്മാശ്ലീഹായുടെ പൂർവകാല ചരിത്രമൊന്നും നമുക്കറിഞ്ഞുകൂടാ. തോമസിനെ നമ്മുടെ കർത്താവു വിളിച്ചു. തോമസ് സഹർഷം ആ വിളി സ്വീകരിച്ച് കർത്താവിനെ അനുഗമിച്ചു. മാർ തോമ്മാ ശ്ലീഹാ നിഷ്‌കളങ്കനും ധീരനും സ്‌നേഹശീലനുമായിരുന്നു. തന്റെ ഗുരുവിനു വേണ്ടി മരിക്കാനും ആ പ്രിയ ശിഷ്യൻ തയ്യാറായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ തോമ്മാ ശ്ലീഹയെപ്പറ്റി മൂന്നു സംഗതികൾ വിവരിക്കുന്നുണ്ട്.

മൂന്നു സംഭവങ്ങൾ
ഒന്നാമത്തെ സംഭവം: ലാസറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ ബഥാനിയായിലേക്കു പോകണമെന്ന് ഈശോ പറഞ്ഞു. അവിടുത്തെ ജനങ്ങൾ ഗുരുവിനെ കല്ലെറിയാൻ ഒരുങ്ങിയ കാര്യം മറ്റു ശ്ലീഹന്മാർ അവിടുത്തെ ഓർമ്മിപ്പിച്ചപ്പോൾ ”നമുക്കും അവനോടുകൂടെപ്പോയി മരിക്കാം” എന്നാണ് ധീരനായ തോമസ് പറഞ്ഞത്. ഈ ധീരതയും സ്‌നേഹവായ്പും വിശ്വാസദാർഢ്യവും ഏ.ഡി. 72-ൽ മദ്രാസിലെ ചിന്നമലയിൽ വച്ച് രക്തസാക്ഷിത്വം വരിച്ചുകൊണ്ട് തോമ്മാ ശ്ലീഹാ പ്രകടമാക്കി.

മറ്റൊരു സംഭവം: ഈശോ തന്റെ പിതാവിന്റെ ഭവനത്തിൽ അവർക്കായി സ്ഥലമൊരുക്കാൻ പോവുകയാണെന്നും അങ്ങോട്ടുള്ള വഴി ശിഷ്യന്മാർക്ക് അറിയാമെന്നും പറഞ്ഞപ്പോൾ സത്യസന്ധനായ തോമസ് ഒരു നിഷ്‌കളങ്ക ശിശുവിനെപ്പോലെ അവനോടു പറഞ്ഞു: ”കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നതെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?” ഈശോ അതിനു നൽകിയ ഉത്തരം ഒരു നിത്യസത്യം അനാവരണം ചെയ്തു. അവിടുന്നു പറഞ്ഞു: ”ഞാനാകുന്നു വഴിയും സത്യവും ജീവനും. ഞാൻ വഴിയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”

ഇനിയും സംശയക്കാരനായ തോമസിന്റെ ചിത്രം: ഈശോയുടെ പുനരുത്ഥാനത്തെ
പ്പറ്റി മറ്റു ശ്ലീഹന്മാർ അദ്ദേഹത്തോടു പറഞ്ഞപ്പോൾ അവിടുത്തെ കണ്ട് സ്പർശിച്ചല്ലാതെ താൻ വിശ്വസിക്കുകയില്ലെന്ന് ശാഠ്യം പിടിച്ച തോമസ് അവിശ്വാസിയായിരുന്നില്ല. ആ സ്‌നേഹശാഠ്യത്തിനു വഴങ്ങി ഈശോ തോമ്മാശ്ലീഹയ്ക്കു പ്രത്യക്ഷപ്പെട്ടപ്പോൾ ”എന്റെ കർത്താവും എന്റെ ദൈവവും” എന്ന് സ്‌നേഹപരവശനായി ഉദീരണം ചെയ്യാനേ ആ പ്രയശിഷ്യനു കഴിഞ്ഞുള്ളു.

സഭയുടെ ഉദ്ഘാടനം
പന്തക്കുസ്താക്കുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം ശ്ലീഹന്മാർ സുവിശേഷപ്രഘോഷണത്തിനായി നാനാദിക്കുകളിലേക്കു തിരിച്ചു. പാർത്ഥിയാ, മേദിയാ, പേർഷ്യാ എന്നിവിടങ്ങളിൽ സുവിശേഷം പ്രസംഗിച്ച ശേഷം തോമ്മാശ്ലീഹാ ഏ.ഡി. 52 നവംബർ 21-ാം തീയതി കടൽമാർഗ്ഗം മുസിറിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. പാലയൂർ, കൊടുങ്ങല്ലൂർ, കോക്കമംഗലം, പറവൂർ, കൊല്ലം, നിരണം, ചായൽ (നിലയ്ക്കൽ), എന്നിവിടങ്ങളിൽ കുരിശുകൾ സ്ഥാപിച്ച് വിശ്വാസികളുടെ ചെറിയ സമൂഹങ്ങളെ സംഘടിപ്പിച്ചു. ഇവ ഏഴര പള്ളികളെന്ന്  അറിയപ്പെടുന്നു.

രക്തസാക്ഷിത്വം
കോരളത്തിൽ നിന്ന് സുവിശേഷവുമായി തോമ്മാശ്ലീഹ തമിഴകത്തുമെത്തി. ഏ.ഡി. 72 ജൂലൈ 3-ാം തീയതി ചിന്നമലയിൽ വച്ച് ശ്ലീഹ ഒരു എമ്പ്രാന്തിരിയുടെ കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ ശരീരം മൈലാപ്പൂരിലെ കടൽത്തീരത്തു സംസ്‌കരിക്കപ്പെട്ടു. നാലാം നൂറ്റാണ്ടിൽ ആ പൂജ്യാവശിഷ്ടങ്ങൾ അവിടെനിന്ന് എദേസായിലേക്കു കൊണ്ടുപോയെന്നും, പിന്നീട് ഇറ്റലിയിലെ ഓർത്തോണാ എന്ന സ്ഥലത്തേക്കു മാറ്റിയെന്നും പ്രബലമായ പാരമ്പര്യമുണ്ട്.

ഭാരതത്തിന്റെ അപ്പസ്‌തോലൻ
ഏ.ഡി. 52-ൽ മാർ തോമ്മാശ്ലീഹാ ഭാരതത്തിലെത്തിയെന്ന വസ്തുത ജവർഹർലാൽ നെഹ്‌റു ”Discovery of India”യിൽ എടുത്തു പറയുന്നുണ്ട്. മലയാറ്റൂർ തീർത്ഥാടനം വിശുദ്ധന്റെ ഓർമ്മ നിലനിർത്തുന്നു. ക്രൈസ്തവ ഭവനങ്ങളിലെ തോമസ് നാമധാരികളും ഇതുതന്നെ ചെയ്യുന്നു. 1972-ൽ തോമ്മാശ്ലീഹയുടെ പത്തൊമ്പതാം ചരമശതാബ്ദി ആഘോഷിച്ചപ്പോൾ പോൾ ആറാമൻ മാർപ്പാപ്പ മാർ തോമ്മാശ്ലീഹയെ ”ഭാരതാപ്പസ്‌തോലൻ” എന്നു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.

”ഗോൾഡൻ ലെജന്റ്” എന്ന ഗ്രന്ഥത്തിൽ നിന്ന്
വിശുദ്ധരുടെ സുവർണ്ണകഥകൾ ഉൾക്കൊള്ളുന്ന വിശിഷ്ടഗ്രന്ഥമാണ് ”Golden Legend”. ഈ ഗ്രന്ഥത്തിൽ മാർ തോമ്മാ ശ്ലീഹായെപ്പറ്റി പറയുന്ന കാര്യങ്ങൾ താഴെ സംഗ്രഹിച്ചിരിക്കുന്നു.
സെസേരയായിൽ (കേസറിയായിൽ) വച്ച് നമ്മുടെ കർത്താവ് തോമസിനു പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: ”ഇന്ത്യയിലെ രാജാവായ ഗുണ്ടഫോറസ് (Gundoforus) തന്റെ മന്ത്രിയായ (vizier) അബ്ബനേസിനെ (Abbanes) ഇങ്ങോട്ടയച്ചിരിക്കുന്നു, കൊട്ടാരം പണിയിൽ നിപുണനായ ഒരു ശില്പിയെ കണ്ടെത്തുന്നതിനായി. വരൂ, ഞാൻ നിന്നെ അവനോടൊപ്പം അയയ്ക്കും”. തോമസ് പ്രതിവചിച്ചു: ”കർത്താവേ, എന്നെ ഇന്ത്യ ഒഴികെ എങ്ങോട്ടെങ്കിലും അയയ്ക്കുക”. കർത്താവു പറഞ്ഞു: ”നീ ഭയപ്പെടേണ്ട. ഞാൻ നിന്നെ സംരക്ഷിക്കും. ഇന്ത്യാക്കാരെ മാനസാന്തരപ്പെടുത്തിക്കഴിയുമ്പോൾ നീ രക്തസാക്ഷിത്വത്തിന്റെ കുരുത്തോലയുമായി എന്റെ അടുത്തേക്കുവരും.” തോമസ് പറഞ്ഞു: ”അങ്ങെന്റെ കർത്താവാണ്, ഞാൻ അവിടുത്തെ ദാസനും. അവിടുത്തെ ഹിതം നിറവേറട്ടെ.”

കമ്പോളസ്ഥലത്തുകൂടെ നടന്നിരുന്ന മന്ത്രിക്ക് കർത്താവ് തോമസിനെ പരിചയപ്പെടുത്തി. മന്ത്രി ശില്പിയുമായി കപ്പൽ കയറി. യാത്രാമധ്യേ അവർ ഒരു നഗരത്തിലിറങ്ങി. അവിടത്തെ രാജാവിന്റെ പുത്രിയുടെ വിവാഹാഘോഷങ്ങൾ നടക്കുകയാണ്. രാജാവിന്റെ ആഗ്രഹമനുസരിച്ച് ശില്പിയും മന്ത്രിയും വിരുന്നിൽ പങ്കെടുത്തു. എല്ലാവരും തിന്നും കുടിച്ചും സന്തോഷിക്കുമ്പോൾ അതിലൊന്നും പങ്കെടുക്കാതെ ആകാശത്തേക്ക് നോക്കിയിരിക്കുന്ന തോമസിനെ ഒരു വെയിറ്റർക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ ശില്പിയുടെ കരണത്തടിച്ചു. തന്നെ അന്യായമായി അടിച്ചവന്റെ വലത്തുകൈ ഒരു പട്ടി വിരുന്നുശാലയിൽ കൊണ്ടുവരുന്നതുവരെ താൻ അവിടെ നിന്ന് എഴുന്നേൽക്കുകയില്ലെന്നു തോമസ് ഉറപ്പിച്ചു പറഞ്ഞു. പുറത്തേക്കിറങ്ങിയ ഈ വെയിറ്ററെ ഇരുട്ടിൽ ഒരു സിംഹം കടിച്ചു കീറി. അവന്റെ വലത്തു കൈ കടിച്ചെടുത്തുകൊണ്ട് ഒരു പട്ടി വിരുന്നുശാലയിൽ വന്നു. അതോടെ ആ ശില്പി ഒരു ദൈവികപുരുഷനാണെന്ന് ജനങ്ങൾക്കു ബോധ്യമായി. അവർ അദ്ദേഹത്തിന്റെ അനുഗ്രഹം യാചിച്ചു. പലരും മാനസാന്തരപ്പെട്ടു.

ഒടുവിൽ ശില്പിയും മന്ത്രിയും ഗുണ്ടഫോറസിന്റെ സദസ്സിലെത്തി. രാജാവ് കൊട്ടാരം പണിയുന്നതിനായി വലിയൊരു തുക തോമസിനെ ഏല്പിച്ചിട്ട് യാത്രപോയി. ശ്ലീഹാ ആ പണം പാവപ്പെട്ട ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. തിരിച്ചുവന്ന രാജാവ് വിവരമറിഞ്ഞ് ശില്പിയെ ജയിലിൽ അടച്ചു. അപ്പോൾ രാജസോദരനായ ഗാദ് (Gad) മരിച്ചു. വിശുദ്ധൻ അയാളെ ഉയിർപ്പിച്ചു. രാജാവ് ആഗ്രഹിച്ച കൊട്ടാരം സ്വർഗ്ഗത്തിൽ താൻ കണ്ടതായി ഗാദ് പറഞ്ഞു. രാജാവ് ദുഃഖിതനായി വിശുദ്ധനോട് മാപ്പിരന്നു. അനേകം പേർ മാമ്മോദീസ സ്വീകരിച്ചു. ഗുണ്ടഫോറസിന്റെ രാജ്യം വടക്കുപടിഞ്ഞാറെ ഇന്ത്യയിലായിരുന്നു. ഈ പേരുള്ള നാണയങ്ങൾ അവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. അവിടെ നിന്നു കപ്പൽ കയറിയാണ് ശ്ലീഹ കൊടുങ്ങല്ലൂരെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here